2013, ഫെബ്രുവരി 24, ഞായറാഴ്‌ച

കന്നുപൂട്ട് ploghing with buffalos

എഴുവന്തലയില്‍ 20-30 വര്‍ഷം മുമ്പുവരെ ഭൂരിഭാഗം കര്‍ഷകവീടുകളിലും കന്നും തൊഴുത്തും ഉണ്ടായിരുന്നു.പശുവും ആടും എരുമയും മേഞ്ഞിരുന്ന പാടങ്ങള്‍..പറമ്പുകള്‍.കന്നുമേക്കുന്നവരുടെയും പുല്ലരിച്ചില്‍ക്കാരുടെയും തിരക്കുകള്‍.വൈകുന്നേരമായിട്ടും മുളയാത്ത ആടിനെയും പശുവിനെയും തിരയുന്ന വേവലാതികള്‍. ചട്ടിപ്പന്തും ചൊട്ടയും പുള്ളും ക്രിക്കറ്റും പന്തുകളിയും തീരാ‍ത്ത മേച്ചില്‍പ്പുറങ്ങള്‍.ആട്ടിടയരുടെ ദീര്‍ഘനിശ്വാസങ്ങള്‍.പറയങ്കുന്ന്,തേക്കിന്‍ കാട്, തെക്കേലെ തൊടി, സ്കൂള്‍ പറമ്പ്,കുഴിഞ്ഞോക്ക്,പറങ്കൂച്ചിക്കാട്,മുറിപ്പാറ,കാളങ്കുന്ന്,മൂപ്പത്തെകുന്ന് ഒക്കെ ഒഴിഞ്ഞുകിടന്ന ഉത്സവപ്പറ്മ്പുകളായിരുന്നു.
കുഞ്ചാടി....പിന്നില്‍ ആനിക്കുളം,ആല്‍,അത്താണി











ഇന്ന് കുഞ്ചാടിയുടെ കയ്യില്‍ മാത്രം ഓരര കന്നുണ്ട്.കുറെ കാലശേഷം കന്നുപൂട്ട് കണ്ടു. 10-14 ജോടി കന്നുകള്‍ പൂട്ടിയിരുന്ന ഭാസ്കരന്‍ നായരുടെ കണ്ടത്തിന്റെ ചിത്രമാണ് മനസ്സില്‍. ചേറിന്റെ ആ രസികന്‍ മണമാണ് മൂക്കില്‍. കുഞ്ചാടിയുടെ പോത്തുകളുടെ നിര്‍ജീവമായ കണ്ണുകള്‍.മത്സരപ്പാച്ചിലിന്റെ രസമോ ആക്രോശങ്ങളോ ഇല്ലാത്ത ഒരുകന്നുപൂട്ട്. എങ്കിലും ഈ കാഴ്ച കുറേ ഓര്‍മകള്‍ നല്‍കി.                                                                 കുഞ്ചാടി നല്ല ഒരു കൃഷിക്കാരനാണ്.ഒരു പച്ചയായ മനുഷ്യന്‍.ഏതു കൂലിപ്പണിയും ചെയ്യും.കന്നിനോടുള്ള സ്നേഹമാണ് ഇപ്പഴും അവയെ വിക്കാതെ നിലനിര്‍ത്താന്‍ കാരണം. ഇതേ പോലെ ഏത്തവും നാട്ടില്‍നിന്ന് അന്യം വന്നു.കഴിഞ്ഞ് വര്‍ഷം രാജഗോപാലും അമ്മാവനും നടത്തിയിരുന്ന വാഴത്തോട്ടത്തിലാണ് അത് അവസാനം കണ്ടത്.പഴയ സ്റ്റൈലിലുള്ള കൊയ്ത്തും കന്നുപൂട്ടും പുറമത്ര പാടത്ത് ,എഴുവന്തലയിലുള്ളതിനേക്കാള്‍ ഇപ്പോഴുമുണ്ട്.