2013, ജൂലൈ 3, ബുധനാഴ്‌ച

കള്ളിവളപ്പിൽ കുട്ടൻമാസ്റ്റർ Kallivalappil Kuttan Master (1920-1997)

                             
                            ന്യായാന്യായങ്ങൾ നോക്കാതെ എഴുവന്തലക്കാർക്ക് ഏതു പ്രശ്നത്തിലും ഏതു സമയത്തും സഹായം ആവശ്യപ്പെട്ടാൽ നല്കാൻ സന്നദ്ധനായ ആൾ.അഞ്ചാം വേല, പാന, കാളവേല,ആനിവേഴ്സറി തുടങ്ങി  ഏത് ആഘോഷവേളകളിലേയും പ്രമാണി.നെല്ലായ ഗ്രാമപഞ്ചായത്തിലെ പ്രഥമ മെമ്പർമാരിലൊരാൾ.എ.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ.എഴുവന്തല പോസ്റ്റ് മാൻ(1956-58).ഇടതുപക്ഷ രാഷ്ട്രീയ സഹയാത്രികനായ സഖാവ്.നാട്ടുതർക്കങ്ങളിലെ മധ്യസ്ഥൻ.സ്കൂൾ മാനേജർ.കർഷകൻ......തുടങ്ങിയ ബഹുമുഖവ്യക്തിത്വത്തിന്നുടമയായിരുന്നു കുട്ടനെഴുത്തച്ഛൻ എന്ന കുട്ടൻ മാഷ്.

First Nellaya Panchayath Board: Kuttan master Sitting Third from left

കള്ളിവളപ്പിൽ അപ്പൂകുട്ടനെഴുത്തച്ഛന്റെയും (1886-1968) മാധവിയമ്മയുടെയും(1897-1984) ആറു മക്കളിൽ മൂത്തവനാണ് മാഷ്.പാർവതി ടീച്ചർ,കുഞ്ഞുണ്ണി,നാണി ടീച്ചർ,ഗോപി,ദേവകിയമ്മ എന്നിവരാണ് സഹോദരങ്ങൾ.
         ആദ്യ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷസ്ഥാനാർഥിയായ കരുവന്നൂർ രാമൻ കുട്ടി പണിക്കരോടാണ് കുട്ടൻ മാഷ് മൽസരിച്ചത്.സൈക്കിളായിരുന്നു ചിഹ്നം.അന്ന് മാഷിന്റെ പോളിങ്ങ് ഏജന്റ് ആയിരുന്ന പാറപ്പുറത്ത് ശങ്കരൻ എഴുത്തച്ഛൻ ഓർമകൾ ചികഞ്ഞെടുക്കുന്നു."ജനങ്ങളുടെ ശ്രദ്ധയ്ക്കുവേണ്ടി ..കുട്ടന്മാഷെ വിജയിപ്പിക്കണം.ഒറ്റ വോട്ടും പണിക്കർക്കില്ല"...മെഗാഫോണിലൂടെ ഒറ്റയ്ക്ക് പ്രചാരണം നടത്തി ഞാൻ തിരുണ്ടിയിലെത്തിയപ്പോൾ അഞ്ചാംവേലക്കണ്ടവും കടന്ന് അതാ വരുന്നു ..പണിക്കരുടെ പ്രചരണസംഘം."എന്റെ വോട്ട് എനിക്ക് ചെയ്തൂടെ...?!"രാമൻ കുട്ടിപ്പണിക്കർ ചോദിച്ചു.അവർ രണ്ടുമൂന്നു ജാഥകളും ഞങ്ങൾ ഒന്നും നടത്തി.ചെട്ടിത്തൊടി ഉമ്മർ,വില്ലത്ത് ഭാസ്കരൻ ,പിന്നെ ഞാൻ..എന്നിവരാണു മുഖ്യപ്രചാരകർ.44 വോട്ടിനു മാഷുതന്നെ ജയിച്ചു."പോസ്റ്റ് മാഷായിരിക്കുമ്പോൾ പണം തട്ടിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആളാണ് ..വോട്ടു ചെയ്യരുത് എന്ന കള്ളപ്രചരണമൊക്കെ പാഴായി.ജനം മാഷിനെ അത്രക്കു സ്നേഹിച്ചു.പർസ്പരവിശ്വാസം പുലർത്തി.."....ഭാര്യ അമ്മുക്കുട്ടിയമ്മ അനുസ്മരിക്കുന്നു.  
          
            

Father and mother

1944-47 കളിൽ മിലിട്ടറി ഉദ്യോഗത്തിലിരുന്ന മാഷ്‌ ,ടി.ടി.സിക്ക്‌ പഠിക്കുന്ന അനുജൻ ഗോപിയുടെ ടൈഫോയ്ഡ് ബാധയും മരണവുമായി ബന്ധപ്പെട്ടാണു നാട്ടിൽ വന്നതും 1947ൽ ട്രൈനിംഗ് കഴിഞ്ഞ് സ്വന്തം സ്കൂളിൽ അധ്യാപകനായതും(1948-1975).കുട്ടൻ മാഷിന്റെയും ബാലൻ  നെടുങ്ങാടി   മാഷിന്റെയും  റിട്ടയർമെന്റ് പരിപാടി ADLP സ്കൂളിന്റെ വജ്രജൂബിലി ആയി ആഘോഷിച്ചു.1975 മാർച്ച് 7,8,9 തിയ്യതികളിൽ നടന്ന ആഘോഷങ്ങളുടെ പ്രോഗ്രാം കമ്മറ്റി പ്രസിഡന്റ് സി.കെ.ശിവൻ നായർ ആയിരുന്നു.കരുവന്നൂർ കൃഷ്ണൻകുട്ടി-അച്യുതൻകുട്ടി സഹോദരൻ മാരായിരുന്നു കലാപരിപാടികളുടെ കോർഡിനേറ്റർമാർ.

ADLP Staff and Manager:Standing Kuttan master,Balan Nedungadi Master
Sitting .Sankaran master ,Govindan master,Appukuttan Ezhuthassan,Nani teacher



Balan Nedungadi mash and kuttan mash

1975-76 കാലഘട്ടത്തിൽ എല്ലാവർക്കും അഞ്ചാം വേലക്കണ്ടത്തിൽ ഇറങ്ങാനും വേലകെട്ടാനുമുള്ള സ്വാതന്ത്യം അനുവദിക്കുന്നതിൽ വേലക്കമ്മറ്റിക്കാരനായ മാഷിന്റെയും പങ്ക് നിർണായകമായിരുന്നുവെന്ന് കാട്ടിതൊടി  കൃഷ്ണൻകുട്ടി,ബാലൻ മാസ്റ്റർ,രാമചന്ദ്രൻ മാസ്റ്റർ,അമ്മത്തൊടി  ശങ്കരൻ മാസ്റ്റർ എന്നിവർ ഓർമിക്കുന്നു.മാഷ് മെംബർ ആയ കാലത്താണ് തെങ്ങും വളപ്പ് റോഡ് ഉണ്ടാക്കിയത്.

Kuttan Master:A rare pose

          ചേലക്കാട്ടുതൊടി  ഭാഗത്തേക്കുള്ള  ആൽ വെട്ടൽ സംഭവം     മാഷ് നാട്ടിലുണ്ടായിരുന്നെങ്കിൽ നടക്കില്ലായിരുന്നുവെന്ന്  ചീനിയമ്പറ്റ കട്ട(നാരായണൻ) എഴുത്തച്ഛൻ  ആണയിടുന്നു.1914 -20 കാലത്തിനിടക്കാണ്  300 ഉറുപ്പികയ്ക്ക് കള്ളിവളപ്പിൽതൊടി തന്റെ അച്ഛൻ കുട്ടപ്പയെഴുത്തച്ഛൻ വാങ്ങിയതും അപ്പുകുട്ടനെഴുത്തച്ഛനും അനുജൻ രാമൻ എഴുത്തച്ഛനും ഇപ്പോൾ താമസിക്കുന്നിടത്തേക്ക് മാറിയതെന്നും അദ്ദേഹം അനുസ്മരിക്കുന്നു. 

With Mother ,wife and sisters
       "വെവേറെ രാഷ്ട്രീയമായിരുന്നെങ്കിലും വല്ലാത്ത ഒരു സൗഹൃദമായിരുന്നു ഞങ്ങൾ  തമ്മിൽ ..പെട്രോൾ മാക്സും കത്തിച്ച് വച്ച്  പുലരും വരെ ചീട്ട് കളിച്ചിരുന്നു" അന്തരിച്ച സി.അബ്ദു പറഞ്ഞിരുന്നു. 
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന മാഷ്‌  എഴുവന്തലയിലെ മൂന്ന് തലമുറയെ ആദ്യക്ഷരവും പാഠങ്ങളും പഠിപ്പിച്ചു.വെടിക്കെട്ട്  പോലെ ഉറക്കെ സംസാരിക്കുന്ന മാഷിന്റെ കോഴിയാട്ടുന്ന ശബ്ദം എത്ര ദൂരം വരെയും കേൾക്കുമായിരുന്നു.വൃത്തിയും വെടിപ്പും വളരെ കണിശമാക്കിയിരുന്ന അദ്ദേഹം, സ്കൂളിലെത്തിയ ഞങ്ങളോട്  വളരെ ചെറിയ കടലാസുതുണ്ടുപോലും നിലത്തുനിന്നു പെറുക്കിക്കളയാൻ പറയുമായിരുന്നു.   


Kuttan mash : Last Photograph
    1997 ജൂലായ് 5 നാണ് കുട്ടൻ മാസ്റ്റർ അന്തരിച്ചത്.

2013, ജൂൺ 29, ശനിയാഴ്‌ച

കരുവന്നൂർ അച്യുതപ്പണിക്കർ KARUVANNOOR ACHUTHAPPANIKKAR (1935-1991)

       എഴുവന്തലയിലെ ആദ്യത്തെ നാടകനടനും നാടകസംവിധായകനും ചിത്രകാരനും ക്രാഫ്റ്റ്സ്മാനും ആണ്  കരുവന്നൂർ അച്യുതപ്പണിക്കർ.കേവലം ഒരു അധ്യാപനാവാൻ അല്ലായിരുന്നു ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ ആഗ്രഹം. കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽ ആയിരുന്നു അധ്യാപകപരിശീലനം .വട്ടേനാട് ,പട്ടാമ്പി ,മാരായമംഗലം എന്നീ ഹൈസ്കൂളുകളിൽ  കണക്ക് മാഷായിരുന്നു അദ്ദേഹം.ഒറ്റപ്പാലം ഈസ്റ്റ് ഹൈസ്കൂളിൽ നിന്നാണ്‌ (1982-90) റിട്ടയർമെന്റ് .മാരായമംഗലം   ഹൈസ്കൂളിലേക്ക്  കാളംകുന്നും കയറി, കയ്യിലൊരു കറുത്ത ബാഗുമായി  സാവധാനം നടന്നുപോകുന്ന മാഷിന്റെ തൂവെള്ള രൂപം ആരും മറന്നിട്ടില്ല.ഈ യാത്രയിൽ തന്നെയാണ്  ആദ്യത്തെ അറ്റാക്ക്‌ ഉണ്ടായത്.
With Chirayi Ramakrishnan mash,Mrayamangalam
  അതിനു ശേഷം താമസം അനങ്ങൻ മലയോരത്ത്  കോതകുർശ്ശി യിലെ പ്രിയ ഭവനിൽ ആയിരുന്നു .അതുവരെയും എഴുവന്തലയിലെ കലാസാംസ്കാരിക രംഗത്ത്  നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
കരുവന്നൂർ  പടിപ്പുരമുകളിൽ മാഷിന്റെ  കലാവൈഭവം  ഞങ്ങൾ  കുട്ടികൾ മാങ്ങ പെറുക്കാൻ  പോകുമ്പോൾ കണ്ടിട്ടുണ്ട് . കരിമ്പനക്കൊരണ്ടിയിലുണ്ടാക്കിയ മനുഷ്യമുഖങ്ങൾ,പേപ്പർ പൾപ്പ്  ഡോൾസ് , കാളത്തല പെയിന്റിംഗ് ,തുണിയിലെ ഫാബ്രിക് വർക്കുകൾ,ജലച്ചായം,.....
Paper Craft of Master
        ഗുരുവായൂരിൽ എല്ലാ വർഷവും മുടങ്ങാതെ മൂന്നു ദിവസം  കഥകളി കാണാൻ പോകുമായിരുന്നു മാഷ്‌... . 
മാരായമംഗലം ആനിവേഴ്സറിക്ക്  കുഷ്ഠരോഗി ആയഭിനയിച്ചത്  തനിക്ക്  പേടിയും വിഷമവും ഉണ്ടാക്കിയെന്ന്   ഭാര്യ തങ്കം ഇപ്പഴും പറയും യാത്രാപ്രേമിയായ  മാഷ്‌ ഹൈദരാബാദ്,ദൽഹി,തുടങ്ങി ഉത്തരേന്ത്യ മുഴുവൻ സഞ്ചരിച്ചിട്ടുണ്ട് .
During Delhi Trip
           വായനശാലാപരിസരത്ത്  വോളിബോൾ,ബാറ്റ്മിന്റണ്‍  എന്നിവ കളിക്കാൻ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന മാഷിനെപ്പറ്റി പറയുമ്പോൾ രാമചന്ദ്രന്മാഷിനും ആലിമാഷിനും ബാലന്മാഷിനും രവിമാഷിനും അഭിമാനമാണ് .
     വായനശാല ,സ്കൂൾ വാർഷികങ്ങൾക്കൊക്കെ  അച്യുതപ്പണിക്കരും ഏട്ടൻ കൃഷ്ണൻകുട്ടിപ്പണിക്കരും ഇല്ലാതെ ഒന്നും നാടക്കില്ലായിരുന്നു എഴുവന്തലയിൽ.അഭിനയം ,മേയ്ക്കപ്പ് ,പന്തൽ ഡെക്കരേഷൻ ,നാടകസംവിധാനം ...തുടങ്ങി എല്ലാറ്റിനും മുൻപിൽ ഇവർ കാണും .പഴയ നടന്മാരായ ശങ്കരന്മാഷിനെയും സൂര്യന്മാഷിനെയും രാമചന്ദ്രൻ മാഷിനെയുമൊക്കെ അഭിനയത്തിനെ ബാലപാഠങ്ങൽ പഠിപ്പിച്ചത് അചുതപ്പണിക്കർ ആണ് .
Panikkar mash,wife Thankam,Brother Krishnankutty Panikkar,Ettathiyamma(Brothers wife).In front of Karuvannur Kalari
      കരുവന്നൂരെ കളരിക്കുമുൻപിൽ കേസുകൾ തിർപ്പാക്കാനും ഈ സഹോദരന്മാർ ഉണ്ട്ടായിരുന്നു.
കരുവന്നൂർ കല്യാണിക്കുട്ടിയമ്മയുടെയും കുളപ്പുള്ളി അധികാരിയായ നാരായണൻ നായരുടെയും നാല് മക്കളിൽ ഇളയവനായിരുന്നു പണിക്കര്മാഷ്..ഭാര്യ ഓലഞ്ചേരി മഠത്തിൽ  തങ്കം
A RARE  POSE.BEHIND NECHIKKOT FIELD (in front of Karuvannoor Tharavaad)


MASH AND WIFE AT PRIYABHAVAN

ACHUTHA PANIKKAR AND UNCLE RAMANKUTTY PPANIKKAR 

 ഇന്ന്  ഇതൊക്കെ ഓർമകൾ മാത്രമായി.കരുവന്നൂർ  പടിപ്പുരയോ തറവാടോ കളരിയോ ഇന്നില്ല .

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

കന്നുപൂട്ട് ploghing with buffalos

എഴുവന്തലയില്‍ 20-30 വര്‍ഷം മുമ്പുവരെ ഭൂരിഭാഗം കര്‍ഷകവീടുകളിലും കന്നും തൊഴുത്തും ഉണ്ടായിരുന്നു.പശുവും ആടും എരുമയും മേഞ്ഞിരുന്ന പാടങ്ങള്‍..പറമ്പുകള്‍.കന്നുമേക്കുന്നവരുടെയും പുല്ലരിച്ചില്‍ക്കാരുടെയും തിരക്കുകള്‍.വൈകുന്നേരമായിട്ടും മുളയാത്ത ആടിനെയും പശുവിനെയും തിരയുന്ന വേവലാതികള്‍. ചട്ടിപ്പന്തും ചൊട്ടയും പുള്ളും ക്രിക്കറ്റും പന്തുകളിയും തീരാ‍ത്ത മേച്ചില്‍പ്പുറങ്ങള്‍.ആട്ടിടയരുടെ ദീര്‍ഘനിശ്വാസങ്ങള്‍.പറയങ്കുന്ന്,തേക്കിന്‍ കാട്, തെക്കേലെ തൊടി, സ്കൂള്‍ പറമ്പ്,കുഴിഞ്ഞോക്ക്,പറങ്കൂച്ചിക്കാട്,മുറിപ്പാറ,കാളങ്കുന്ന്,മൂപ്പത്തെകുന്ന് ഒക്കെ ഒഴിഞ്ഞുകിടന്ന ഉത്സവപ്പറ്മ്പുകളായിരുന്നു.
കുഞ്ചാടി....പിന്നില്‍ ആനിക്കുളം,ആല്‍,അത്താണി











ഇന്ന് കുഞ്ചാടിയുടെ കയ്യില്‍ മാത്രം ഓരര കന്നുണ്ട്.കുറെ കാലശേഷം കന്നുപൂട്ട് കണ്ടു. 10-14 ജോടി കന്നുകള്‍ പൂട്ടിയിരുന്ന ഭാസ്കരന്‍ നായരുടെ കണ്ടത്തിന്റെ ചിത്രമാണ് മനസ്സില്‍. ചേറിന്റെ ആ രസികന്‍ മണമാണ് മൂക്കില്‍. കുഞ്ചാടിയുടെ പോത്തുകളുടെ നിര്‍ജീവമായ കണ്ണുകള്‍.മത്സരപ്പാച്ചിലിന്റെ രസമോ ആക്രോശങ്ങളോ ഇല്ലാത്ത ഒരുകന്നുപൂട്ട്. എങ്കിലും ഈ കാഴ്ച കുറേ ഓര്‍മകള്‍ നല്‍കി.                                                                 കുഞ്ചാടി നല്ല ഒരു കൃഷിക്കാരനാണ്.ഒരു പച്ചയായ മനുഷ്യന്‍.ഏതു കൂലിപ്പണിയും ചെയ്യും.കന്നിനോടുള്ള സ്നേഹമാണ് ഇപ്പഴും അവയെ വിക്കാതെ നിലനിര്‍ത്താന്‍ കാരണം. ഇതേ പോലെ ഏത്തവും നാട്ടില്‍നിന്ന് അന്യം വന്നു.കഴിഞ്ഞ് വര്‍ഷം രാജഗോപാലും അമ്മാവനും നടത്തിയിരുന്ന വാഴത്തോട്ടത്തിലാണ് അത് അവസാനം കണ്ടത്.പഴയ സ്റ്റൈലിലുള്ള കൊയ്ത്തും കന്നുപൂട്ടും പുറമത്ര പാടത്ത് ,എഴുവന്തലയിലുള്ളതിനേക്കാള്‍ ഇപ്പോഴുമുണ്ട്.