കുലുക്കല്ലൂര്‍ പഞ്ചായത്തില്‍ കൊപ്പം-പേങ്ങാട്ടിരി റോഡില്‍ കിഴക്കോട്ട് സഞ്ചരിക്കുമ്പോള്‍ ഇടത് വശത്താണ് മുളയങ്കാവ്.ആറു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു പ്രാചീന അമ്മദൈവമാണ് മുളങ്കാവിലമ്മ.വെളുത്തകല്ലില്‍ ചെയ്ത വിഗ്രഹം ടിപ്പുവിന്റെ പടയോട്ടക്കാലത്താവണം നശിപ്പിക്കപ്പെട്ടത്.1950 കളിലെ ഒരു മീനമാസരേവതിനാളിലാണ്‍ പുനപ്രതിഷ്ഠ നടന്നത്.2008 ലെ നവീകരണകലശാനന്തരം മീനത്തിലെ പുണര്‍തമാണ് ഭഗവതിയുടെ പിറന്നാള്‍ദിനം.
|
Kala valam vekkal |
ആനയില്ലാത്ത പൂരവും രണ്ട് നടകളും പടിഞ്ഞാട്ടുതിരിഞ്ഞ പ്രതിഷ്ഠയും ആണ്ടില്‍ രണ്ടുതവണ പൂരവും വേലയും ഏറ്റവുമധികം കാളകള്‍ ഇറങ്ങുന്ന വേലയും മറ്റൊരു ക്ഷേത്രത്തിനും ഇല്ലാത്ത സവിശേഷതകളാണ്.ആനകളാകുന്ന കര്‍ണാഭരണങ്ങള്‍ ധരിച്ച് ഒരു കയ്യില്‍ വാളും മറുകയ്യില്‍ വട്ടകയുമായി(ചോറുകോരിക)പടിഞ്ഞാട്ടുതിരിഞ്ഞ് കുന്തിച്ചിരിക്കുന്ന സ്വയംഭൂവായ ബലഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. പക്ഷേ വടക്കേമുഖമണ്ഡപത്തിനുമുന്‍പിലാണ് കൊടിമരം.അന്നവും രക്ഷയും നല്‍കുന്ന മുളയങ്കാവിലമ്മക്ക് പുലര്‍കാലത്ത് സരസ്വതീഭാവവും മധ്യാഹ്നത്തില്‍ ഭദ്രകാളീഭാവവും സന്ധ്യക്ക് ദുര്‍ഗാഭാവവുമാണുള്ളത്.
|
Parayavelavaravu during Pooram |
ഐതിഹ്യം: പണ്ടിവിടം മുളങ്കാടായിരുന്നു.ഒരു ചെറുമി(മുളയസ്ത്രീ) അരിവാളിന് മൂര്‍ച്ചകൂട്ടുമ്പോള്‍ കല്ലില്‍ ചോര കണ്ട കഥ ഇവിടെയുമുണ്ട്.സ്ത്രീയുടെ കരച്ചില്‍ കേട്ടോടിവന്ന പുലാക്കാട്ടിരിനായര്‍ സ്വയംഭൂവിഗ്രഹം കണ്ട് തന്റെ ഓലക്കുടയില്‍ കൊട്ടി ആള്‍ക്കാരെ വിളിച്ചുകൂട്ടി. അന്നുമുതല്‍ ഇന്നോളം പുലാക്കാട്ടിരിക്കാര്‍ക്കാണ് ചെണ്ടകൊട്ടിത്തുടങ്ങാന്‍ അവകാശം. 5 കിലോമീറ്റര്‍ തെക്കുള്ള കയില്യാട്ടുകാവിലമ്മ മുളയങ്കാവിലമ്മയുടെ അനിയത്തി(കീഴേടം)യും 1 കിലോമീറ്റര്‍ തെക്കുള്ള ചെറുകോട് മഹാദേവപന്തല്‍അപ്പന്‍ ഭഗവതിയുടെ ഭര്‍ത്താവും അരകിലോമീറ്റര്‍ കിഴക്കുള്ള അന്തിമഹാകാളന്‍ ഭഗവതിയുടെ മകനാണെന്നുമാണ് നാട്ടു വിശ്വാസം.മുന്‍പിവിടെ ആനയെ എഴുന്നള്ളിച്ചിരുന്നെന്നും ഇതില്‍ കോപിച്ച് ഭദ്ര പടിഞ്ഞാട്ട് തിരിഞ്ഞിരുന്നെന്നും ആന ഇടഞ്ഞോടി വണ്ടുന്തറയിലെത്തി കല്ലായിമാറിയെന്നും മറ്റൊ രൈതിഹ്യമുണ്ട്. ഈ ആനക്കല്ലിനും ചോര പൊടിയുന്ന നാട്ടുകഥകളുണ്ട്
|
chavittukali or cherumakkali at Mulayankaavu |
|
പുറമത്ര വേലയില്‍നിന്ന് |
തട്ടകം: പത്ത് തറകളും എഴുവന്തല,നെല്ലായ,മോളുര്‍,പട്ടിശ്ശേരി എന്നീ ദേശങ്ങളും ചെറുകോട്,വല്ലപ്പുഴ, എന്നീ അധികാരങ്ങളും ചേര്‍ന്നതാണ് കാവിലമ്മയുടെ തട്ടകം.പത്ത് തറകളിലും പ്രധാനികളായി ബ്രാഹ്മണഗൃഹങ്ങളുണ്ടായിരുന്നു. 1.വടക്കേകര (വടക്കുംകര മന) 2.തെക്കേതറ ( തെക്കുംകര മന) 3. മപ്പാട്ടുകരതറ (മപ്പാട്ടുമന ) 4.ചുണ്ടങ്ങാത്ത (ചുണ്ടങ്ങാമന -ഇത് പിന്നീട് വടക്കുംകരമനയില്‍ ലയിച്ചു) 5.നാട്യത്ത (നാട്യത്തറ മന-ഇത് പുലാശ്ശേരിമനയില്‍ ലയിച്ചു) 6.ഒരുപുലാത്തറ (ഒരുപുലാശ്ശേരിമന ) 7.എരവത്തറ (എരവിനല്ലൂര്‍ മന ) 8.പരിയാനമ്പറ്റ തറ (പരിയനമ്പറ്റ മന ) 9.വണ്ടുംതറ 10.പുറമത്തറ ( പുറയന്നൂര്‍ മന) എന്നിവയാണവ.
|
therirakkam,during PakalPooram |
|
ക്ഷേത്രക്കുളം.........മെയിന്‍ റോഡിന് ഇടത് വശത്ത്(കൊപ്പം പോകുമ്പോള്‍) |
ചടങ്ങുകളും ഉത്സവങ്ങളും: മണ്ഡലകാലചുറ്റുവിളക്ക്,കളംപാട്ട്( ധനു-മീനം മാസങ്ങളില്‍, പൈങ്കുളം കുറുപ്പന്മാര്‍ക്കാണവകാശം) വേലകള്‍ എന്നിവ കൂടാതെ തിരുവോണത്തിന് മുഖമണ്ഡപത്തില്‍ മഹാബലിയെ വക്കലും കന്നിയിലെ ആയില്യത്തിന് പുത്തരിയുമുണ്ട്. ഗുരുതിതര്‍പ്പണം,കാളവേല എന്നീ വിശേഷാവസരങ്ങളിലേ വടക്കേനട തുറക്കൂ. ഇതിനവകാശം ആത്രശ്ശേരിമനക്കാര്‍ക്കാണ്.കാട്ടീരിനായന്മാരാണ് വെളിച്ചപ്പാടാവുക.വസൂരിക്കാലത്ത് ദണ്ണം മാറ്റാന്‍ വീട്ടിലെത്തിയിരുന്ന കുഞ്ഞുണ്ണിവെളിച്ചപ്പാട് പഴയ തലമുറക്കാര്‍ക്ക് ഭയഭക്തിബഹുമാനത്തോടെയുള്ള ഒരോര്‍മയാണ്.കാവിനുചുറ്റും ആറ് കളരികള്‍ ഉണ്ടായിരുന്നു.ഇതിലെ നെടുങ്ങനാട്ടുകളരി പടനായകരായ പാലക്കുര്‍ശ്ശിനായന്മാരാണ് വെളിച്ചപ്പാടിന് കോലുപിടിക്കുക.ഇവര്‍ക്കുതന്നെയാണ് പാനത്തോറ്റത്തിനും അവകാശം. മീനമാസാവസാനത്തില്‍ ഇടപ്പൂരവും ചെറിയകാളവേലയും നടത്തുക, റൊട്ടേഷന്‍ ക്രമത്തില്‍ പത്ത് തറക്കാരാണ്.മേടമാസാവസാനമാണ് വലിയ കാളവേലയും വലിയ പൂരവും.8ദിവസം മുന്‍പ് പുലാക്കാട്ടിരി തറവാട്ടിലെ കാരണവര്‍ ഓലയിലെഴുതി ‘പൂരം കുറിക്കുന്ന‘ ചടങ്ങുണ്ട്.മേടം ഒന്നിന്(വിഷു)കണിയും പൂരംകൊട്ടിപ്പുറപ്പാടും.രണ്ടിന് പാനവേല.ഇത് അന്തിമഹാകാളനെ കൊട്ടിയെതിരേറ്റ് കാവിലെത്തിക്കലാണ്.മൂന്നിന് ചപ്പിലവേല.നാലിന് കരിവേല.അഞ്ചാംവേല പുറമത്ര-എഴുവന്തല ദേശക്കാരുടെ വകയാണ്.ഏഴാംവേലയും(അരിവേല) എഴുവന്തലക്കാര്‍ക്കവകാശപ്പെട്ടതാണ്.ഇതിനിടയിലാണ് ചെറുകോട്,വല്ലപ്പുഴ,വണ്ടുംതറ വേലകള്‍.
|
chavittukali ,a folk perfomance during Pooram Festival-210 |
അഞ്ചാംവേല മുതല്‍ ‘കൂത്ത് മാടം കൊട്ടിക്കയറും‘.പഞ്ചവടി മുതല്‍ പട്ടാഭിഷേകം വരെ നീളുന്ന രാമായണം തോല്പാവക്കൂത്ത് അവസാനിക്കുന്നത് പൂരം രാത്രിക്കാണ്. പാലക്കുര്‍ശിനായരുടെ അനുവാദം വാങ്ങി, കൊട്ടുതുടങ്ങി , വെളിച്ചപ്പാട് ആലുകള്‍ വലംവച്ച് കഴിഞ്ഞാണ് അവകാശികളായ മുന്നൂര്‍ക്കോട്ട് കളരിക്കലെ പുലവന്മാര്‍ കൂത്ത് പറയാന്‍ തുടങ്ങുക. പുറമത്രയിലെ ചക്കിങ്ങല്‍,ചിറയില്‍ എന്നീ വീടുകളില്‍നിന്നാണ് കൂത്തുമാടത്തില്‍ തിരശീല കെട്ടാനുള്ള കവുങ്ങ് എത്തിക്കുക.ചിറയിലെ ഒരു കാരണവര്‍ ഈ പതിവു തെറ്റിച്ചപ്പോള്‍ തറവാട്ടില്‍ അനര്‍ഥങ്ങള്‍ കാണുകയും കവുങ്ങ് കയ്യിലേന്തിയ പ്രതിമ വഴിപാടാക്കി തെറ്റേറ്റുപറഞ്ഞ് പ്രശ്നം തീര്‍ത്തതിന്റെയും തെളിവുകള്‍ കാവില്‍ ഇന്നുമുണ്ട്.
|
ചിറയില്‍ തറവാട്.............പുറമത്ര |
|
കവുങ്ങേന്തിയ പ്രതിമ |
|
iluminated kaalaas............................kaalavela-2010 |
|
sreenivas pattisseri as Thira and his brother manikandan as Poothan. the instrument is 'Para'(പറ ) |
വണ്ടുംതറ വേലക്കടുത്ത ദിവസമാണ് കാളവേല.100-150 ഇണക്കാളകളും ദേശക്കാളകളും കാവില്‍ നിറഞ്ഞ് കവിയുന്ന വര്‍ണാഭവും ശബ്ദമുഖരിതവുമായ അനുഭവം പറഞ്ഞറിയിക്കാനാവില്ല. വള്ളുവനാട്ടിലെ കാളക്കോലങ്ങളെ ഇന്നത്തെ രൂപത്തിലേക്ക് മാറ്റിയതില്‍ കൃഷ്ണന്‍ കുട്ടിമാഷിനും നാഗന്‍ മാഷിനും കുഞ്ചുവിനുമുള്ള പങ്ക് തെല്ലൊന്നുമല്ല.
|
അന്തിമഹാകാളന്‍ കാവ് |
അടുത്ത ദിവസമാണ് പൂരം.തേര്,മണ്ണാന്‍സമുദായക്കാരുടെ തിറ-പൂതന്‍,പാണസമുദായക്കാരുടെ ആണ്ടി-നായാടി,പറയസമുദായക്കാരുടെ പറപ്പൂതന്‍-കരിംകാളി-മൂക്കഞ്ചാത്തന്‍,ചെറുമസമുദായക്കാരുടെ കുടകുത്തിക്കളി-ചവിട്ടുകളി എന്നിവയാണ് പൂരപ്പൊലിമ കൂട്ടുന്ന സംഗതികള്‍.കിഴക്കേമുറ്റത്ത് ഉച്ച മുതല്‍ പുലരുംവരെ നടക്കുന്ന ചവിട്ടുകളിയില്‍(ചെറുമക്കളി) വള്ളുവനാട്ടിലെ എല്ലാ കളിമക്കളും മാറ്റാന്മാരും വീറൊടെ പങ്കെടുക്കുന്നു.പൂരത്തിനടുത്ത ദിവസമാണ് കാളയും വെളിച്ചപ്പാടുമായി പറയവേല.പണ്ട് പൂരവാണിഭത്തില്‍ തുണി,മണ്‍പാത്രം,ഓട്ടുപാത്രം,സ്രാവ്,ചൂല്,പരമ്പ്,മുറം പലചരക്കുസാധനങ്ങള്‍ തുടങ്ങി എല്ലാം കിട്ടിയിരുന്നു ചരിത്രം:ക്ഷേത്രത്തിലെ 101 പവന്‍ സ്വര്‍ണഗോളക 2000 രൂപക്ക് പണയം വെച്ച് കേസിനു ശേഷമാണ് പരിയാനമ്പറ്റമനക്കാരില്‍നിന്നും അധികാരം ‘തറക്കല്‍‘ കൈവശമെത്തുന്നത്.പൊന്നാനി താലൂക്കിലെ കിഴൂര്‍ദേശത്തുനിന്നും മാപ്പിളാക്രമണം ഭയന്ന് നാടുവിട്ടുവന്നവരാണ് തറക്കല്‍ വാരിയന്മാര്‍.ഇവര്‍ക്ക് സാമൂതിരി പട്ടും വളയും നല്‍കി അധികാരം കൊടുത്തു.സാമൂതിരിയുടെ സാമന്തനായ ഏറാള്‍പ്പാട് കെട്ടിയെഴുന്നള്ളി കരിമ്പുഴ ശ്രീരാമസ്വാമിക്ഷേത്രദര്‍ശനത്തിനുപോകുമ്പോള്‍ ഇടത്താവളത്തിലൊന്നായ മുളയംകാവ് വഴിപ്പുരയില്‍ വിശ്രമിക്കും. അപ്പോള്‍ വെള്ളയും കരിമ്പടവും വിരിച്ച് സ്വീകരിച്ചിരുന്നത് തറക്കല്‍ വാരിയന്മാരും ആറ് കളരിക്കാരും ചേര്‍ന്നായിരുന്നു.ബുദ്ധസംസ്കാരത്തെ ഗോത്രസംസ്കൃതി തടഞ്ഞ സൂചനയാണ് ആന കല്ലായ കഥയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.ചെറുപ്പക്കാരുടെ എതിര്‍പ്പാണത്രെ ജന്തുബലി നിര്‍ത്താനും കാരണം.